എടത്വ: കൈനകരി കമ്മ്യൂണിറ്റി പ്രൊജക്റ്റ് ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കുട്ടനാടിനെ നേരില്‍ അറിയാനും, പ്രകൃതി ഭംഗി ആസ്വദിക്കാനുമായി സംഘിപ്പിച്ച 50 അംഗ കുട്ടനാട് കള്‍ച്ചറല്‍ ആന്‍ഡ് ഹെറിറ്റേജ് വാക് സംഘം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ചു.
ചക്കുളത്തുകാവ് ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി, പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവര്‍ സംഘത്തെ സ്വീകരിച്ചു. കൈനകരി ചാവറ പള്ളിയില്‍ നിന്നു ആരംഭിച്ച യാത്ര ചമ്പക്കുളം കലൂര്‍കാട് ബസിലക്ക, തകഴി സ്മാരകം, കരുമാടികുട്ടന്, പുളിങ്കുന്ന് ഫൊറോനപള്ളി, കാവാലം നാരായണ പണിക്കരുടെ വസതി എന്നിവിടങ്ങളിലും സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഓര്‍മമരം എന്ന പേരില്‍ ഫലവൃക്ഷ തൈകള്‍ നട്ടു. പദ്ധതി കോര്‍ഡിനേറ്റര്‍ പ്രണവ് ജോസഫ്, ഏരിയ കോര്‍ഡിനേറ്റര്‍ ഷാരോണ്‍ ടിറ്റോ, ബിന്‍സി ബാബു, സീന റോയ് എന്നിവര്‍ നേതൃത്വം നല്കി.